Thursday, October 28, 2010

തോറ്റതല്ല, തോല്പിച്ചതാ!

 [ക്ഷമിക്കണം, കുടുംബകാര്യം പുറത്തു പറയാന്‍ പാടില്ലാത്തതാണ്. പക്ഷേ ഇത് പറയാതെ വയ്യ. ഇതിലെ കഥാ പാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി വല്ല സാമ്യവും തോന്നുന്നുവെങ്കില്‍ അത് സ്വാഭാവികം മാത്രം. ]


എടീ ബൂത്തില്‍ തെരക്ക്ണ്ടാര്ന്നോ?
എന്താ ഒരു തെരക്ക്. പോണ്ടീലാര്‍ന്നൂന്നു  തോന്നി
നിനക്കും മത്സരിക്കായിരുന്നു. ജയിച്ചാല്‍ പ്രസിഡന്റ്‌ വരെ ആകാം
പിന്നെ, ജയിച്ചിട്ട്‌  ഈ പെണ്ണുങ്ങളൊക്കെ പ്രസിഡന്റ്‌ ആവ്വല്ലേ?
അതിനെന്താ?  ഇന്ത്യേടെ പ്രസിഡന്റ്‌ ആരാ?
അതൊക്കെ എനിക്കറിയാ
ന്നാ പറ, ആരാ?
അത് .. മന്‍മോഹന്‍ സിംഗ് അല്ലെ?
മന്‍മോഹന്‍ സിംഗോ?
സോറി, സോറി, വീ എസ്‌ അച്ചുതാനന്ദന്‍ !
ന്റെ ഒടേ തമ്പുരാനേ, ഇജ്ജാതി തലയില്‍ പേന്‍ പോലും പാര്‍ക്കൂലാ!!
ഉം? പിന്നാരാ? 
എടീ പോത്തെ, പ്രതിഭാ പാട്ടീല്‍.. കേട്ടിട്ട്ണ്ടോ?
അത് രാഷ്ട്രപതിയല്ലേ? ഇന്നേ പറ്റിക്കാനൊന്നും നോക്കണ്ടാ
............
അപ്പൊ ഈ അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമ എന്ന് പറയണ ആള്‍ അവിട്ത്തെ പ്രധാന മന്ത്രി അല്ലെ?


ആ.. ആര്‍ക്കറിയാം.


ഈ മരമണ്ടി പുത്തന്‍ സാരിയും, അതിന്റെ മേലെ ഒരു പര്‍ദയും ഇട്ട്‌ , ഓട്ടോ ചാര്‍ജും കൊടുത്ത് , വെയിലും കൊണ്ട് ക്യൂ നിന്ന്‍ കിട്ടിയ ബാലറ്റ് പേപ്പറിലെ സകല പോട്ടത്തിന്റെ മോളിലും കുത്തീട്ടുണ്ടാവും!

Tuesday, October 26, 2010

ഇസ്‌ലാമിക് ബാങ്കിംഗ് & ഫിനാന്‍സ്


അനുദിനം തകര്‍ച്ചയെ നേരിട്ട് കൊണ്ടിരിക്കുകയാണ് ആഗോള സാമ്പത്തിക രംഗം. പാശ്ചാത്യ രാജ്യങ്ങളില്‍ ബാങ്കുകള്‍ ഒന്നിന് പിറകെ ഒന്നായി നിലം പൊത്തി വീണു കൊണ്ടിരിക്കുന്നു. അമേരിക്കയില്‍ മാത്രം ഈ വര്‍ഷം  138 ഉം കഴിഞ്ഞ വര്‍ഷം 140 ബാങ്കുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്‌.

പത്തു മാസത്തിനിടെ യു.എസില്‍ തകര്‍ന്നത് 138 ബാങ്കുകള്‍

ന്യൂയോര്‍ക്: ഈ വര്‍ഷം യു.എസില്‍ തകര്‍ന്നത് 138 ബാങ്കുകള്‍ . കഴിഞ്ഞവര്‍ഷം സാമ്പത്തിക പ്രതിസന്ധിമൂലം രാജ്യത്ത് 140 ബാങ്കുകളാണ് അടച്ചുപൂട്ടിയിരുന്നത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ അതിവേഗമാണ് സാമ്പത്തിക പ്രതിസന്ധി കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളിയാഴ്ച ഏഴു ബാങ്കുകള്‍ അടച്ചതോടെ ഒക്‌ടോബര്‍ മാസത്തില്‍ മാത്രം 12 ബാങ്കുകള്‍ സ്തംഭിച്ചു. ഹില്‍ക്രസ്റ്റ് ബാങ്ക്, സര്‍ബന്‍ നാഷനല്‍ ബാങ്ക്, ഗോര്‍ഡന്‍ ബാങ്ക്, ഫേ്‌ളാറിഡയിലെ പ്രോഗ്രസ് ബാങ്ക്, ജാക്‌സണ്‍ വില്ലി ബാങ്ക്, അരിസോണ സേവിങ്‌സ് എന്നീ ബാങ്കുകളാണ് വെള്ളിയാഴ്ച അടച്ചുപൂട്ടിയത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ 23 ബാങ്കുകളും ആഗസ്റ്റില്‍ 10 ബാങ്കുകളും സെപ്റ്റംബറില്‍ ഏഴു ബാങ്കുകളുമാണ് അടച്ചുപൂട്ടിയത്.
 See original news at:  http://www.madhyamam.com/news/11122

ഏതാണ്ട് 5000 വര്‍ഷം മുന്‍പ് തന്നെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു കൊണ്ട് പണമിടപാട് സമ്പ്രദായം നിലനിന്നിരുന്നുവത്രേ.  കൃസ്തുവിനു 1700 കൊല്ലം മുമ്പ് ഹമ്മുറാബിയുടെ  ബാബിലോണിയന്‍ നിയമ സംഹിതയിലും, ക്രി. മു.  6 - 9 നൂറ്റാണ്ടുകളില്‍ ഗ്രീക്ക് സംസ്കൃതിയിലും പഴയ റോമന്‍ വ്യവസ്ഥിതിയിലും ബാങ്കിംഗ് വ്യവസ്ഥാപിതമായി നടന്നി രുന്നതായി രേഖകള്‍ പറയുന്നു. പണമിടപാടുകള്‍ക്ക് പലിശ വാങ്ങിയിരുന്നവരെ യേശു കൊരടാവ്  കൊണ്ട് പ്രഹരിച്ചതായി ബൈബിള്‍ പറയുന്നുണ്ട്. ഒമ്പതാം നൂറ്റാണ്ടില്‍ മുസ് ലിം വണിക്കുകള്‍ ബാഗ്ദാദില്‍ ഇഷ്യു ചെയ്ത ചെക്കുകള്‍ (അറബി മൂലം "സ്വക്ക്" ) ചൈനയില്‍ ക്യാഷ് ചെയ്യാറുണ്ടായിരുന്നത്രേ.

വ്യാപകമായ തോതില്‍ ബാങ്കിംഗ് രീതി ഉപയോഗിക്കപ്പെട്ടത് കുരിശുയുദ്ധ കാലത്ത് സൈനിക ആവശ്യങ്ങള്‍ക്കായാണ് . സഭകളെയും സെമിനാരികളെയും കേന്ദ്രീകരിച്ചായിരുന്നു അത്. 1403-ല്‍ ക്രൈസ്തവ പ്രമാണങ്ങളെയും സഭാവിലക്കുകളെയും അവഗണിച്ചു കൊണ്ട് പലിശാധിഷ്ഠിത ബാങ്കിംഗ് വ്യവസ്ഥ നിലവില്‍ വന്നു. അതോടെ യുറോപ്പിലാകെ ഒരു വാണിജ്യ സംരംഭം എന്ന നിലയ്ക്ക് ബാങ്കിങ്ങിന് നല്ല വേരോട്ടം ലഭിച്ചു.

എന്നാല്‍ അടുത്ത കാലത്ത് ലോക സാമ്പത്തിക ശക്തികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ആഗോളീകരണ-നവീകരണ സംരംഭങ്ങളെത്തുടര്‍ന്ന്‍ ഊഹക്കച്ചവടത്തിലും പലിശയിലും ഊന്നിയ ബാങ്കിംഗ് വ്യവസ്ഥ ആടിയുലഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് ഇസ് ലാമിക ബാങ്കിംഗ് അതിന്റെ കരുത്തു തെളിയിച്ചു കൊണ്ടിരിക്കുന്നു. പൌരസ്ത്യ-പാശ്ചാത്യ രാജ്യങ്ങളില്‍ പലതും ഇസ് ലാമിക ബാങ്കിംഗ് നടപ്പാക്കിതുടങ്ങി. മലേഷ്യ പോലെ ചില രാജ്യങ്ങള്‍ ഇസ്‌ലാമിക ബാങ്കിങ്ങിന്റെ   സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി രാഷ്ട്രത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുകയും സുരക്ഷിതവും സത്യസന്ധവും ചൂഷണമുക്തവുമായ ഇസ്ലാമിക ബദലിനെ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.

ഇസ്ലാമിക ബാങ്കിങ്ങിന്റെ ഇപ്പോഴത്തെ മൂല്യം ആയിരം ബില്ല്യനില്‍ കൂടുതലാണ്. അടുത്ത നാലഞ്ചു വര്‍ഷത്തിനുള്ളില്‍ 15 - 20 ശതമാനം വര്‍ദ്ധനവോടെ 2000 ബില്യന്‍ കവിയുമെന്നാണ് കണക്കാക്കപ്പെടുന്നത്. നൈതികതയുടെ അടിത്തറയില്‍ ഊന്നി കെട്ടുറപ്പുള്ള ഒരു ആഗോള സമ്പദ് വ്യവസ്ഥ രൂപപ്പെടുത്തുന്നതിനും  ആധുനിക വെല്ലുവിളികളെ അതിജീവിക്കുന്നതിനും ഇസ് ലാമിക സാമ്പത്തിക ശാസ്ത്രത്തിനു കഴിയും എന്ന് തന്നെയാണ് അതിന്റെ പ്രായോഗികക്ഷമത  കണിശമായി പഠിച്ച, അമുസ്‌ലിംകള്‍ അടക്കമുള്ള സാമ്പത്തിക വിശാരദന്മാര്‍ പറയുന്നത്. 


ഗള്‍ഫ് മേഖലയിലെ ഇസ്‌ലാമിക / സാമ്പ്രദായിക  ബാങ്കുകളുടെ 2008 -ലെ താരതമ്യപ്പട്ടിക നോക്കുക:



സാമ്പ്രദായിക ബാങ്കുകള്‍
ഇസ്‌ലാമിക് ബാങ്കുകള്‍
ആസ്തി (ബില്യന്‍ അമേരിക്കന്‍ ഡോളറില്‍ ‍)
1,135,669
232,189
ലാഭം (ബില്യന്‍ അമേരിക്കന്‍ ഡോളറില്‍ ‍)    
22,008
7,666
ആസ്തി വര്‍ദ്ധനവ്‌ 2007 - 2008
16.3%
38.2%
ലാഭ വര്‍ദ്ധനവ്‌ 2007 - 2008
- 6.1%
20.1%

ഇസ്‌ലാമിക ബാങ്കിങ്ങിനോട്‌  അഭൂതപൂര്‍വമായ ആഭിമുഖ്യം പാശ്ചാത്യ രാജ്യങ്ങളിലും ഏഷ്യാ-പസഫിക് രാജ്യങ്ങളിലും കണ്ടു തുടങ്ങിയിരിക്കുന്നു. ആസ്ട്രേലിയ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഹോങ്ങ് കോങ്ങ്, ഇറ്റലി, ജപ്പാന്‍ , കൊറിയ, ലെക്സംബര്‍ഗ്, സിങ്കപ്പൂര്‍ , യു. കെ  എന്നീ രാജ്യങ്ങളാണ്‌ ഇസ്‌ലാമിക ബാങ്കിംഗ് നടപ്പാക്കിത്തുടങ്ങിയിട്ടുള്ളത്. 

(അവലംബം: ഇസ്‌ലാമിക് ഫിനന്ഷ്യല്‍ സര്‍വീസസ് ബോര്‍ഡ് , ഇസ്‌ലാമിക് ഡവലപ്മെന്റ് ബാങ്ക്, വികിപീഡിയ, മാധ്യമം)

Sunday, October 24, 2010

അരുത്‌, ഏകാഗ്രത കൈവിടരുത്‌!


കേരളത്തിലെ മുജാഹിദുകള്‍  തങ്ങളുടെ കര്‍മ്മപദ്ധതികളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്‌. തകര്‍ന്നിട്ടും തളരാതെ, അടിയേറ്റ പാമ്പിനെപ്പോലെ, കൊടിയ പകയോടെ, അരിച്ച്‌ ഇഴഞ്ഞ്‌ ബൂലോകമാകെയും വിരേചനം നടത്തിക്കൊണ്ടിരിക്കുകയാണ്‌; പുതിയ ലിപികളില്‍ പഴയ ആരോപണങ്ങ
ള്‍ പുനര്‍ രചന നടത്തിക്കൊണ്ടിരിക്കുകയാണ്‌.

ജനകീയ വികസനക്കാരേ, ജാഗ്രത്താവുക!
മതരാഷ്ട്രീയവാദികളേ, സോളിക്കുട്ടികളേ, നിങ്ങ
ള്‍ ഉണര്‍ന്നിരിക്കുക...

വസ്‌വാസുമായി അവ
ര്‍ വരുന്നു.. ശപിക്കപ്പെട്ട പിശാചുക്കള്‍..
എന്നും സമൂഹത്തി
ല്‍ ഫിത്‌ന പരത്തിയ പൈശാചകിങ്കരന്മാര്‍... അനൈക്യത്തിന്റെ കൊടിവാഹകര്‍... കുടുംബങ്ങളില്‍ ഛിദ്രത വളര്‍ത്തിയവര്‍... സഹോദരങ്ങളെ തമ്മില്‍ തല്ലിച്ചവര്‍.. കുടുംബ ബന്ധങ്ങള്‍  അറുത്തു മുറിച്ചവര്‍...
സമൂഹഗാത്രത്തി
ല്‍ ഭിന്നിപ്പിന്റെ മാരക രോഗാണുക്കള്‍ പരത്തിയ ക്ഷുദ്രജീവികള്‍...
സമുദായത്തിന്റെ രക്തം കുടിച്ച്‌, ഉന്മാദം ബാധിച്ച്‌ , ഇപ്പോ
ള്‍ പരസ്പരം കടിച്ചു കീറി രക്തം കുടിക്കുന്ന വിഭാഗീയതയുടെ ദുര്‍മൂര്‍ത്തികള്‍..  അസഹിഷ്ണുതയുടെ വേതാളങ്ങള്‍ !

അവ
ര്‍ തങ്ങളുടെ വിഭ്രാമലോകത്തെ മൂഢസ്വപ്നങ്ങളില്‍ അഭിരമിക്കട്ടെ.

കൈകെട്ടും തറാവീഹും സമുദായ
ഛിദ്രതയ്ക്ക് ഉപകരിക്കാതായിരിക്കുന്നു. മാല മൌലൂദ് വിവാദങ്ങള്‍ ആരും ഗൗനിക്കാതായിരിക്കുന്നു.. മന്ത്രിച്ചൂത്തും ജിന്നു സേവയും സ്വന്തക്കാര്‍ തന്നെ ഏറ്റെടുത്തിരിക്കുന്നു... 

സമൂഹത്തി
ല്‍ ഇപ്പോഴും കെട്ടുറപ്പോടെ നില്‍ക്കുന്നവര്‍ നിങ്ങളാണ്‌.. സമൂഹ പുനഃസൃഷ്ടിക്കു വേണ്ടി അഹോരാത്രം അദ്ധ്വാനിക്കുന്നവര്‍ നിങ്ങളാണ് . അധഃസ്ഥിതരുടെയും അവഗണിക്കപ്പെട്ടവരുടെയും പ്രതീക്ഷ നിങ്ങളാണ്.  നിങ്ങളെ തകര്‍ക്കാതെ മുജാഹിദിയത്തിന്റെ ബാധകേറിയ കരിങ്കുട്ടികള്‍ക്കൊന്നും ഉറക്കം വരില്ല... 
സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും  പുതിയപ്രഭാതങ്ങള്‍ ഇരുട്ടിന്റെ മാറാലകള്‍  കൊണ്ട് കൂടു കെട്ടിപ്പാര്ക്കുന്ന ഉലൂകങ്ങള്‍ക്ക് സഹിക്കാന്‍ ആവില്ല. അവര്‍ വസ്വാസിന്റെ പുതിയ ചരടുകള്‍ ഉരുക്കഴിച്ചു  കൊണ്ടിരിക്കും..  കുത്തിത്തിരുപ്പുകളുടെ കീറമാറാപ്പും പേറി, പിച്ചും പേയുമായി അലക്ഷ്യമായി അലഞ്ഞു കൊണ്ടിരിക്കും. അവര്‍ക്ക് ചെവി കൊടുക്കാതിരിക്കുക.

ജനസേവനം ആരാധനയെന്നു വിശ്വസിക്കുന്നവരേ, നിങ്ങ
ള്‍ തക്ബീറത്തുല്‍ ഇഹ്‌റാം കെട്ടിയിട്ടേയുള്ളൂ, അഊദു ചൊല്ലി സ്വന്തം കര്‍മ്മത്തില്‍ ഉദ്യുക്തരാവുക..  ഏകാഗ്രത കൈവിടാതിരിക്കുക.. ജഗദീശ്വരന്‍ നിങ്ങളെ സഹായിക്കട്ടെ.

പിശാചുക്ക
ള്‍ നിങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാതിരിക്കട്ടെ!

==========================================
"സ്നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ 
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും!"   

റിയാന തട്ടം ഇടേണ്ടതില്ല!

കാസര്‍ക്കോട്ടെ മുസ്‌ലിം കുടുംബത്തില്‍ പിറന്ന ഒരു പെണ്‍കുട്ടി തലയില്‍ തട്ടം ധരിക്കില്ലെന്നു ശാഠ്യം പിടിക്കുന്നു. റിയാന തല മറച്ചേ പറ്റൂ എന്നു ബന്ധുമിത്രാദികളില്‍ ചിലര്‍ക്കും ഏതാനും സമുദായാംഗങ്ങള്‍ക്കും ശാഠ്യം! റിയാന എന്നല്ല, ഈ ദുനിയാവില്‍ പെണ്ണായിപ്പിറന്നവരാരും തല മറക്കരുതെന്നു മറ്റു ചിലര്‍ക്ക്‌ അതിലേറെ ശാഠ്യം! 

വിവാദമാണല്ലോ ലക്ഷ്യം, വിശേഷിച്ചും ഇസ്‌ലാമികസംസ്കാരത്തെ സ്പര്‍ശിക്കുന്ന വല്ലതുമാണെങ്കില്‍ മാധ്യമപ്പട തന്നെയിളകും, കര്‍ത്തവ്യബോധം സടകുടഞ്ഞെണീക്കും, കര്‍മധീരരായി രംഗത്തിറങ്ങും. രംഗം കൊഴുപ്പിക്കാന്‍ സെക്യുലറിസത്തിന്റെ മേളക്കാരും വ്യക്തിസ്വാതന്ത്ര്യത്തിന്റെ കുഴലൂത്തുകാരും സ്ത്രീവിമോചന നാട്യക്കാരും... വ്യത്യസ്ഥ അരങ്ങുകളില്‍ കത്തിവേഷങ്ങളും താടിവേഷങ്ങളും, കൊട്ടും പാട്ടും തകിലും തമ്പേറും... പോരേ പൂരം? 

തലയില്‍ തട്ടമിടാതെ എത്രയോ പേര്‍ നടക്കുന്നുണ്ട്‌ മുസ്‌ലിം സമുദായത്തിലും പുറത്തും. അത്‌ ഒരു പുതിയ സംഭവമേ അല്ല. കാരണം, സ്ത്രീകള്‍ തല മറക്കണമെന്നു ഇസ്‌ലാം നിഷ്കര്‍ഷിക്കുന്നില്ല. എന്നിട്ടും ഇതു സംഭവമായി, വിവാദമായി. കാണികള്‍ കുറഞ്ഞതു കൊണ്ടാവാം പക്കമേളങ്ങള്‍ പതിയെ നിലച്ചു, ഗജകേസരികളുടെ എഴുന്നള്ളത്തുണ്ടായില്ല. പതിവു തെറ്റിക്കാതെ തിടമ്പേറ്റാന്‍ സ്ഥിരം ഹമീദ്‌-മൊയ്തീന്‍ കുഴിയാനകള്‍ ഒരുങ്ങി നിന്നു, അത്രമാത്രം. 

ഈ പ്രശ്നത്തില്‍ ഒച്ചപ്പാടുണ്ടാക്കിയത്‌ ആ കുട്ടി തല മറക്കണം എന്നു ശാഠ്യം പിടിച്ചവരാണ്‌. ബന്ധുക്കളും മിത്രങ്ങളും സുഹൃത്തുക്കളും ഗുണകാംക്ഷികളും അടങ്ങുന്ന ആ സംഘം പിന്നപ്പിന്നെ കാണാമറയത്തിരുന്ന് ഭീഷണിക്കത്ത്‌ അയക്കുന്ന ന്യൂനപക്ഷമായി ചുരുങ്ങി. എല്ലാവരും അവരവരുടെ മാനം കാക്കാന്‍ പുരയ്ക്കകത്തേക്കോടി. തലയ്ക്കല്‍പം കാറ്റു കൊള്ളുന്നത്‌ നല്ലതാണെന്നേ ആ കുട്ടിക്കു തോന്നിയിട്ടുണ്ടാകൂ.. അതിനു ചിലപ്പോള്‍ കാരണങ്ങളും ഉണ്ടാകാം.. ഉദാഹരണത്തിന്‌ പേന്‍ പുഴുക്കുന്ന ചില തലകളില്‍ ഈര്‍പ്പം നിന്നുകൂടാ, സ്ഥിതി വഷളാവും. ചിലര്‍ക്ക്‌ തലയ്ക്ക്‌ ചൂടു തീരെ പറ്റില്ല, കാറ്റും വെളിച്ചവും ഇല്ലെങ്കില്‍ അതിന്റെ നില തെറ്റും! എന്താണു കാര്യമെന്ന് ആരെങ്കിലും അന്വേഷിച്ചോ? ഇനി വെറുതെ ആണെങ്കിലും അവള്‍ തല തുറന്നിട്ടു നടന്നോട്ടെ എന്നു തന്നെയാണ്‌ എന്റെ പക്ഷം. 

ഞാന്‍ പറഞ്ഞില്ലേ, സ്ത്രീകള്‍ തല മറക്കണമെന്ന്‌ ഇസ്‌ലാം ആവശ്യപ്പെട്ടതായി എനിക്കറിവില്ല. വിശുദ്ധ ഖുര്‍ആന്‍ അങ്ങനെ പറഞ്ഞിട്ടില്ല. പിന്നെ എന്തിനു ബഹളം? 

സൂറത്തുന്നൂറിലെ മുപ്പത്തൊന്നാം സൂക്തം (ഭാഗികം) ഇങ്ങനെ ഭാഷപ്പെടുത്താം: "തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തട്ടെയെന്നും, ചാരിത്ര്യം സൂക്ഷിക്കട്ടെയെന്നും, പുറമേ കാണുന്നതല്ലാത്ത സൌന്ദര്യം വെളിപ്പെടുത്താതിരിക്കട്ടെയെന്നും, ശിരോവസ്ത്രങ്ങള്‍ കൊണ്ട്‌ മാറു മറയ്ക്കട്ടെയെന്നും.... താങ്കള്‍ വിശ്വാസിനികളോടു നിര്‍ദ്ദേശിക്കുക." 

ഇനി പറയൂ, ഖുര്‍ആന്‍ സ്ത്രീകളോട്‌ തല മറക്കാന്‍ പറയുന്നുണ്ടോ? ഇല്ല. 
റിയാനമാര്‍ തലയില്‍ തട്ടം ഇടേണ്ടതുണ്ടോ? ഇല്ല എന്നു തന്നെയാണ്‌ എന്റെ ഉത്തരം. മേല്‍ ഉദ്ധരിച്ച സൂക്തമല്ലാതെ ഇവ്വിഷയകമായി ഖുര്‍ആനിലെ മറ്റൊരു വചനവും ആരും ഉദ്ധരിച്ചു കണ്ടിട്ടില്ല. ഈ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് ശിരോവസ്ത്രം  നിര്‍ബന്ധം ആകുന്നുമില്ല. 

എന്നാല്‍ പക്ഷേ, ചിലര്‍ ഈ വാക്യപ്രകാരം തലയും മാറും മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചേ മതിയാവൂ. കാരണം അവര്‍ അല്ലാഹുവും അവന്റെ ദൂതനും നിര്‍ദ്ദേശിക്കുന്നത്‌ അക്ഷരം പ്രതി പാലിക്കാം എന്നു വാക്കു കൊടുത്തവരാണ്‌. തന്റെ ജീവിതവും മരണവും ദൈവത്തിനു സമര്‍പ്പിച്ചവരാണ്‌. അങ്ങനെയുള്ളവര്‍ക്ക്‌ ഈ നിര്‍ദ്ദേശം അവഗണിക്കാന്‍ ആവില്ല. അങ്ങനെയുള്ളവര്‍ക്കു മാത്രമേ ഈ നിര്‍ദ്ദേശം ബാധകമാകൂ.
 
അതുകൊണ്ട്‌, ദയവായി റിയാനമാരുടെ തല മറയ്ക്കാന്‍ ആയത്തുമായി പിറകേ നടക്കാതിരിക്കുക, അതിനു ബാധ്യസ്ഥരാണെന്നു അവര്‍ക്ക് സ്വയം ബോധ്യം വരാത്തിടത്തോളം.. 


 

ഇത്ര ഭീരുക്കളോ രാഷ്ട്രീയപ്പരിഷകള്‍ ?

അസഹിഷ്ണുതയുടെയും കുടിലതയുടെയും വിളനിലങ്ങളാണ്‌ കക്ഷി രാഷ്ട്രീയത്തിന്റെ  കാളകൂടം വമിക്കുന്ന സങ്കുചിത മനസ്സുകള്‍ എന്നു ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്‌ ഇന്നലെ പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത. കായംകുളം നഗരസഭയിലെ നാല്‍പതാം വാര്‍ഡിലെ ജനകീയ മുന്നണി സ്ഥാനാര്‍ഥിനി സബീനയേയും കൂടെയുണ്ടായിരുന്ന ഭര്‍ത്താവ്‌ നൌഷാദിനെയും ദേശീയപാതയില്‍ വെച്ച്‌ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ഒരു സംഘം തെമ്മാടികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരിക്കുന്നു. ഇരുവരെയും സാരമായ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. 

ജനകീയ മുന്നണികള്‍ വ്യവസ്ഥാപിത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ കടുത്ത അലോസരം സൃഷ്ടിക്കുമെന്ന നിരീക്ഷണം ശരിയാണെന്നു തെളിയിക്കുന്നതാണ്‌ ഈ കുടിലസംഭവം. എങ്കിലും, ഇത്ര പെട്ടെന്നു, കേവലം ഒരു പ്രാദേശിക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ , പ്രകോപിതരാവാന്‍ മാത്രം ദുര്‍ബലരാണൊ കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ? ഇവരാണോ സമൂഹത്തിന്റെ രക്ഷകരും സേവകരുമായി ഇത്രയും നാള്‍ നെഞ്ചു വിരിച്ചും മസിലു പെരുപ്പിച്ചും നടന്നത്‌? ലജ്ജാവഹം, ഈ അധമത്വം! 

എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ജനകീയമുന്നണികള്‍ ആളില്ലാകൂട്ടങ്ങളും ഇന്നലെ മുളച്ച തകരകളുമാണെന്നും മറ്റും പറഞ്ഞ്‌ നിസ്സാരവല്‍ക്കരിച്ചിരുന്നു. പക്ഷേ, അവരുടെ ഉള്ളില്‍ ഭീതിയാണ്‌.. ഒന്നും കാണാന്‍ കഴിയാത്തവിധം ആ ഭീതി അവരുടെ വകതിരിവിനുമേല്‍ കരിമ്പടമായി ചുറ്റപ്പെട്ടിരിക്കുന്നു. സാധാരണക്കാര്‍ തങ്ങളുടെ സമ്മോഹനവാഗ്ദാനങ്ങളുടെ മായക്കാഴ്ചകളില്‍ താല്‍പര്യം വെടിഞ്ഞത്‌ അവരില്‍ ജാള്യത വളര്‍ത്തിയിരിക്കുന്നു. ഈ ആന്ധ്യത്തിലും ജാള്യതയ്ക്കിടയിലും, പക്ഷേ ഒരു കാര്യം അവര്‍ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്‌. പതിറ്റാണ്ടുകളോളം തങ്ങളുടെ കാല്‍ക്കീഴില്‍ ഉറച്ചു നിന്ന മണ്ണ്‍ ഇതാ ഒലിച്ചു പോകുന്നു എന്ന യാഥാര്‍ഥ്യം. 

അതെ, അസഹിഷ്ണുതയുടെ കാളകൂടം വമിപ്പിച്ചുകൊണ്ട്‌ സര്‍പ്പക്കുഞ്ഞുങ്ങള്‍ മാളങ്ങളില്‍ നിന്നു പുറത്തു കടന്നിരിക്കുന്നു. ജനകീയ മുന്നണിക്കാര്‍ ജാഗ്രത പാലിക്കുക. അമാന്തിച്ചു നില്‍ക്കാതെ ആയുധമെടുക്കുക, ഈ കരാള സര്‍പ്പങ്ങളുടെ തലതല്ലിച്ചതയ്ക്കാന്‍ ! 

ആയുധമെടുക്കുക, സഹജീവികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിനു മുന്നില്‍ തടസ്സമായി നിന്നു കാവടിയാടുന്ന കാകോളങ്ങള്‍ക്കെതിരെ..
കുറുവടിയും കത്തിയുമല്ല, വാളും തോക്കും ബോംബുമല്ല; ക്ഷമയുടെ, സഹനത്തിന്റെ, പരിചയെടുത്തണിയുക.. 
സ്നേഹത്തിന്റെ, സഹതാപത്തിന്റെ, മാനവികതയുടെ കരവാളങ്ങള്‍ കയ്യിലെടുക്കുക... 

ദുര്‍ബലരുടെ, അവശരുടെ, ആലംബഹീനരുടെ, അവകാശങ്ങള്‍ ഹനിക്കപ്പെട്ടവരുടെ, ചതിക്കപ്പെട്ടരുടെ നൊമ്പരങ്ങള്‍ നിങ്ങള്‍ക്കു കരുത്താവട്ടെ.. അവരുടെ പ്രാര്‍ത്ഥനകള്‍  നിങ്ങള്‍ക്കു മൃതസഞ്ജീവനിയാകട്ടെ.. 

പ്രിയപ്പെട്ട സഹോദരീ, ഇത്‌ നിങ്ങള്‍ക്ക്‌ ആത്മധൈര്യം പകരുന്നതാവട്ടെ. ജനകീയ മുന്നണിയുടെ കൊച്ചു സുമയ്യ എന്നു ഞാന്‍ നിങ്ങളെ വിളിച്ചു കൊള്ളട്ടെ? 

പ്രിയപ്പെട്ട ജനകീയ വികസന മുന്നണി പ്രവര്‍ത്തകരോട്, 
ഓര്‍ക്കുക, കാടും പടലും തെളിച്ച്‌ മുന്നോട്ടുള്ള പ്രയാണത്തില്‍ പുല്ലാനി മൂര്‍ഖന്‍മാരാഞ്ഞടുക്കും; ചലിക്കുന്ന ഓരോ പുല്‍ക്കൊടിയിലും അവ ആഞ്ഞുകൊത്തും. അവരുടെ വിളയാട്ടു വേദികളാണല്ലോ നിങ്ങള്‍ വെട്ടി വെളുപ്പിക്കുന്നത്‌. പക്ഷേ ഇത്രയേ ഉള്ളൂ എന്നു കരുതാതെ, കരുതലോടെ മുന്നോട്ടു പോവുക.. അഴിമതിയുടെ, സ്വജനപക്ഷപാതത്തിന്റെ, വര്‍ഗീയരാഷ്ട്രീയത്തിന്റെ ചിതല്‍പുറ്റുകള്‍ക്കുള്ളില്‍ കരിനാഗങ്ങള്‍ പതിയിരിപ്പുണ്ടാവും.. നുരയുന്ന വിഷത്തോടെ, പതയുന്ന അമര്‍ഷത്തോടെ. 


Wednesday, October 20, 2010

ജമാഅത്തെ ഇസ്‌ലാമിയോട് ആര്‍ക്കാണ് വിരോധം? - 2

ജമാഅത്തെ ഇസ് ലാമിയോട് ആര്‍ക്കാണ് വിരോധം എന്ന കുറിപ്പിന്റെ തുടര്‍ച്ചയാണിത്‌. ദൈര്‍ഘ്യം ഭയന്നാണ് രണ്ടാക്കിയത്. വിശദീകരണങ്ങള്‍ ഒന്നുമില്ല. വേണമെന്ന് തോന്നിയാല്‍ പിന്നീട് ആവാമല്ലോ.

2   ജമാഅത്തിന്റെ ആജന്മ വൈരികളാണ് ഖാദിയാനികള്‍. ബ്രിട്ടീഷുകാര്‍ സ്പോണ്സര്‍ ചെയ്ത വ്യാജ പ്രവാചകത്വ വാദി ഗുലാം അഹ്മദ് ഖാദിയാനിയുടെ നവീനവാദങ്ങളെ പ്രമാണയുക്തമായി തുറന്നു കാട്ടിയത് മൌദൂദിയാണ്. മൌദൂദി യുടെ ഖാദിയാനീ മസ്അല എന്ന ലഘുപുസ്തകം  ഖാദിയാനിസത്തിന്റെ അടിവേര് പിഴുതെടുക്കുന്നതാണ്. ഖാദിയാനികളുടെ ജമാഅത്ത് /മൌദൂദി ശാത്റവത്തിനു തീര്‍ച്ചയായും അടിസ്ഥാനമുണ്ട്.


3  നിര്മത നിരീശ്വര പ്രസ്ഥാനങ്ങള്‍ ജമാഅത്തിനെ ശത്രു പക്ഷത്ത് കാണുന്നു. ആശയപരമായ ഭിന്നത തന്നെ കാരണം. അതിനും സാധുതയുണ്ട്. അരാജകത്വത്തിന്റെ  പ്രണേതാക്കളും  ധര്‍മബോധത്തിന്റെ വക്താക്കളും തമ്മില്‍ എതിര്‍പ്പ് ഉണ്ടായില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളു. 


4 ഏത് അന്യ മതോല്‍കര്‍ഷത്തെയും വച്ചുപൊറുപ്പിക്കാനാവാത്ത, അസഹിഷ്ണുക്കളായ തീവ്ര വര്‍ഗീയ ചിന്താഗതിക്കാര്‍.


ജമാഅത്തിന് ശത്രുക്കള്‍ ഇനിയും ഉണ്ട്. പക്ഷേ അവയൊന്നും ആശയപരമല്ല. നിതാന്ത ശത്രുക്കളുമല്ല. ഉദാഹരണത്തിന്  കേരളത്തിലെ മുജാഹിദുകള്‍, എന്‍ ഡി എഫുകാര്‍, ഇന്ത്യന്‍ യൂനിയന്‍  മുസ്ലിം ലീഗിലെ ചില നേതാക്കള്‍,  കോണ്ഗ്രസ്സ് പോലെ ചില ദേശീയ കക്ഷികളിലെ ഏതാനും പേര്‍.  ആ ശത്രുതയൊക്കെ താല്‍ക്കാലിക ലാഭത്തിനു വേണ്ടി ചില താല്‍പര കക്ഷികള്‍ കുത്തിപ്പൊക്കുന്നതാണ് എന്ന യാഥാര്‍ത്ഥ്യം എല്ലാവര്ക്കും അറിയാം.

ജനകീയ വികസന മുന്നണികളെ തോല്പിക്കും


ഉമ്മറപ്പടിയില്‍ വന്നു നില്‍ക്കുന്ന ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ പ്രത്യക്ഷപ്പെട്ട പുതിയ പ്രതിഭാസങ്ങളാണ്‌ ജനകീയ വികസന മുന്നണികള്‍ . അവരുടെ വാദങ്ങള്‍ കേട്ടാല്‍ തോന്നും മറ്റുള്ള പാര്‍ട്ടികളൊന്നും ജനകീയമല്ലെന്ന്‌, അവയൊന്നും വികസന പ്രധാനങ്ങള്‍ അല്ലെന്ന്‌!

ഞാന്‍ കണ്ടു, അവരുടെ നയരേഖ. എന്തൊക്കെയാണ്‌ എഴുതി വെച്ചിരിക്കുന്നത്‌! 


1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക
 
നിന്റെയൊക്കെ ഒരു പുതിയ രാഷ്ട്രീയ സംസ്കാരം!  ഇതൊക്കെ നടന്നതു തന്നെ. ഇവിടെ നൂറ്റാണ്ടിലേറെ തഴക്കവും പ്രവര്‍ത്തന പരിചയവുമുള്ള രാഷ്ട്രീയ സംഘടനകള്‍ ഉണ്ട്‌. അവയ്ക്കൊന്നും കഴിയാത്തതാണോ ഇന്നലെ മുളച്ചു പൊന്തിയ ഈ വികസന മുന്നണികള്‍ക്ക്‌ സാധിക്കുമെന്നു കരുതുന്നത്‌? തനി മൌഢ്യം! അല്ലാതെന്ത്‌? 

തല ചായ്ക്കാന്‍ ഒരു കൂരയില്ലാത്ത, നേരത്തിനു ഉണ്ണാനും ഉടുക്കാനുമില്ലാത്ത, സ്വന്തമായി ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത, നാലക്ഷരം എഴുതാനോ വായിക്കാനോ ഇന്നും അറിഞ്ഞു കൂടാത്ത, അമ്പും വില്ലും കൊണ്ട്‌ സര്‍കാരിനെ നേരിടാന്‍ നില്‍ക്കുന്ന കുറേ ആദിവാസികള്‍ ... 

സമൂഹത്തില്‍ ഒരു സ്ഥാനവും ഇല്ലാത്ത, ഫോട്ടോ ഫിഗര്‍ ഇല്ലാത്ത കുറെ ദലിതര്‍ ...

ഒരിടത്ത്‌ ഇരുത്തിയാല്‍ ഇരിപ്പുറയ്ക്കാത്ത, ഒരു വികസനത്തിനും സമ്മതിക്കാത്ത കുറേ പാരിസ്ഥിതിക ഫുത്തിജീവികള്  ‍... 

ചാണകവെള്ളം കൊണ്ടു മഹത്തായ വികസനവിപ്ളവത്തിനു തടയിടാമെന്നു വ്യാമോഹിക്കുന്ന കുറേ അടുക്കളത്തള്ളമാര്‍ .. 


ഒരു ഉപകാരവും ഇല്ലാതെ ആരാന്റെ കാര്യത്തിന്‌ വെയിലു കൊണ്ടു നടക്കുന്ന, യുവ സമൂഹത്തിനു തന്നെ അപമാനമായി "ഒലക്കേലെ സാമൂഹ്യ പ്രവര്‍ത്തനവുമായി" നടക്കുന്ന, ജീവിതം ആസ്വദിക്കാനറിയാത്ത നാലഞ്ചു ഏമ്പോക്കികള്‍ ... 

ഇന്നലെ വരെ വോട്ട്‌ ഹറാമായിരുന്ന, ഒരു പിണ്ണാക്കും തിരിയാത്ത, നാലഞ്ച്‌ അഴകൊഴമ്പന്‍ താത്വിക വിശകലന വിശാരദന്‍മാര്‍.. 

ഇവരൊക്കെ ചേര്‍ന്നു ഈ നാടു നന്നാക്കിയതു തന്നെ. അതിനിത്തിരി പുളിക്കും! ഈ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ നിങ്ങള്‍ക്ക്‌ തലയില്‍ മുണ്ടിട്ട്‌ നടക്കേണ്ടി വരും. ഇനി നീയൊക്കെ ജയിച്ചു വന്നാല്‍ തന്നെ നീയൊക്കെ ഭരിക്കുന്നത്‌ ഞങ്ങളൊന്നു കാണട്ടെ! 

വെറുതെ സ്വപ്നം കണ്ടും ബുക്ക്‌ വായിച്ചും നടക്കുന്നതല്ലാതെ നിങ്ങള്‍ക്കൊക്കെ ഭരിക്കാന്‍ അറിയാമോ? 
ഈ അലവലാതി ജനങ്ങള്‍ക്കിടയില്‍ നിന്ന്‌ ആരെയൊക്കെ അടുപ്പിക്കണം, ആരെയൊക്കെ അകറ്റി നിര്‍ത്തണം എന്നുള്ള പ്രാഥമിക വിവരം നിങ്ങള്‍ക്കുണ്ടോ? 
എന്തൊക്കെ ആനുകൂല്യങ്ങള്‍ ആരൊക്കെ വീതിച്ചെടുക്കണമെന്നു വല്ല വിവരവും?
കൈക്കൂലി, കൈമടക്ക്‌, കുതികാല്‍ വെട്ട്‌,   ഇരുട്ടടി, കാലുവാരല്‍, കാലു മാറല്‍, ബിനാമിപ്പണി... ഇതിലൊക്കെ നിങ്ങള്‍ക്ക്‌ വല്ല പരിചയവും ഉണ്ടോ? 
എതിരാളിയെ എങ്ങനേ തറ പറ്റിക്കണമെന്ന്‌ വല്ല പിടിപാടുമുണ്ടോ? 
എന്തിന്‌? സ്വന്തം കാര്യം എങ്ങനെ നോക്കണമെന്നു നിങ്ങള്‍ക്കറിയാമോ? 


വന്നിരിക്കുന്നു കുറേ മുദ്രാവാക്യങ്ങളുമായിട്ട്‌! തദ്ദേശ ഭരണം നീയൊക്കെയങ്ങ്‌ ശുദ്ധീകരിക്കുമെന്ന വ്യാമോഹം അങ്ങ്‌ മച്ചേല്‍ എടുത്ത്‌ വെച്ചേക്ക്‌.