Wednesday, October 20, 2010

ജനകീയ വികസന മുന്നണികളെ തോല്പിക്കും


ഉമ്മറപ്പടിയില്‍ വന്നു നില്‍ക്കുന്ന ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ പ്രത്യക്ഷപ്പെട്ട പുതിയ പ്രതിഭാസങ്ങളാണ്‌ ജനകീയ വികസന മുന്നണികള്‍ . അവരുടെ വാദങ്ങള്‍ കേട്ടാല്‍ തോന്നും മറ്റുള്ള പാര്‍ട്ടികളൊന്നും ജനകീയമല്ലെന്ന്‌, അവയൊന്നും വികസന പ്രധാനങ്ങള്‍ അല്ലെന്ന്‌!

ഞാന്‍ കണ്ടു, അവരുടെ നയരേഖ. എന്തൊക്കെയാണ്‌ എഴുതി വെച്ചിരിക്കുന്നത്‌! 


1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക

3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക

4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം

യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക

6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക

7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക

8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍

അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക

10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക

11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക

12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക
 
നിന്റെയൊക്കെ ഒരു പുതിയ രാഷ്ട്രീയ സംസ്കാരം!  ഇതൊക്കെ നടന്നതു തന്നെ. ഇവിടെ നൂറ്റാണ്ടിലേറെ തഴക്കവും പ്രവര്‍ത്തന പരിചയവുമുള്ള രാഷ്ട്രീയ സംഘടനകള്‍ ഉണ്ട്‌. അവയ്ക്കൊന്നും കഴിയാത്തതാണോ ഇന്നലെ മുളച്ചു പൊന്തിയ ഈ വികസന മുന്നണികള്‍ക്ക്‌ സാധിക്കുമെന്നു കരുതുന്നത്‌? തനി മൌഢ്യം! അല്ലാതെന്ത്‌? 

തല ചായ്ക്കാന്‍ ഒരു കൂരയില്ലാത്ത, നേരത്തിനു ഉണ്ണാനും ഉടുക്കാനുമില്ലാത്ത, സ്വന്തമായി ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത, നാലക്ഷരം എഴുതാനോ വായിക്കാനോ ഇന്നും അറിഞ്ഞു കൂടാത്ത, അമ്പും വില്ലും കൊണ്ട്‌ സര്‍കാരിനെ നേരിടാന്‍ നില്‍ക്കുന്ന കുറേ ആദിവാസികള്‍ ... 

സമൂഹത്തില്‍ ഒരു സ്ഥാനവും ഇല്ലാത്ത, ഫോട്ടോ ഫിഗര്‍ ഇല്ലാത്ത കുറെ ദലിതര്‍ ...

ഒരിടത്ത്‌ ഇരുത്തിയാല്‍ ഇരിപ്പുറയ്ക്കാത്ത, ഒരു വികസനത്തിനും സമ്മതിക്കാത്ത കുറേ പാരിസ്ഥിതിക ഫുത്തിജീവികള്  ‍... 

ചാണകവെള്ളം കൊണ്ടു മഹത്തായ വികസനവിപ്ളവത്തിനു തടയിടാമെന്നു വ്യാമോഹിക്കുന്ന കുറേ അടുക്കളത്തള്ളമാര്‍ .. 


ഒരു ഉപകാരവും ഇല്ലാതെ ആരാന്റെ കാര്യത്തിന്‌ വെയിലു കൊണ്ടു നടക്കുന്ന, യുവ സമൂഹത്തിനു തന്നെ അപമാനമായി "ഒലക്കേലെ സാമൂഹ്യ പ്രവര്‍ത്തനവുമായി" നടക്കുന്ന, ജീവിതം ആസ്വദിക്കാനറിയാത്ത നാലഞ്ചു ഏമ്പോക്കികള്‍ ... 

ഇന്നലെ വരെ വോട്ട്‌ ഹറാമായിരുന്ന, ഒരു പിണ്ണാക്കും തിരിയാത്ത, നാലഞ്ച്‌ അഴകൊഴമ്പന്‍ താത്വിക വിശകലന വിശാരദന്‍മാര്‍.. 

ഇവരൊക്കെ ചേര്‍ന്നു ഈ നാടു നന്നാക്കിയതു തന്നെ. അതിനിത്തിരി പുളിക്കും! ഈ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ നിങ്ങള്‍ക്ക്‌ തലയില്‍ മുണ്ടിട്ട്‌ നടക്കേണ്ടി വരും. ഇനി നീയൊക്കെ ജയിച്ചു വന്നാല്‍ തന്നെ നീയൊക്കെ ഭരിക്കുന്നത്‌ ഞങ്ങളൊന്നു കാണട്ടെ! 

വെറുതെ സ്വപ്നം കണ്ടും ബുക്ക്‌ വായിച്ചും നടക്കുന്നതല്ലാതെ നിങ്ങള്‍ക്കൊക്കെ ഭരിക്കാന്‍ അറിയാമോ? 
ഈ അലവലാതി ജനങ്ങള്‍ക്കിടയില്‍ നിന്ന്‌ ആരെയൊക്കെ അടുപ്പിക്കണം, ആരെയൊക്കെ അകറ്റി നിര്‍ത്തണം എന്നുള്ള പ്രാഥമിക വിവരം നിങ്ങള്‍ക്കുണ്ടോ? 
എന്തൊക്കെ ആനുകൂല്യങ്ങള്‍ ആരൊക്കെ വീതിച്ചെടുക്കണമെന്നു വല്ല വിവരവും?
കൈക്കൂലി, കൈമടക്ക്‌, കുതികാല്‍ വെട്ട്‌,   ഇരുട്ടടി, കാലുവാരല്‍, കാലു മാറല്‍, ബിനാമിപ്പണി... ഇതിലൊക്കെ നിങ്ങള്‍ക്ക്‌ വല്ല പരിചയവും ഉണ്ടോ? 
എതിരാളിയെ എങ്ങനേ തറ പറ്റിക്കണമെന്ന്‌ വല്ല പിടിപാടുമുണ്ടോ? 
എന്തിന്‌? സ്വന്തം കാര്യം എങ്ങനെ നോക്കണമെന്നു നിങ്ങള്‍ക്കറിയാമോ? 


വന്നിരിക്കുന്നു കുറേ മുദ്രാവാക്യങ്ങളുമായിട്ട്‌! തദ്ദേശ ഭരണം നീയൊക്കെയങ്ങ്‌ ശുദ്ധീകരിക്കുമെന്ന വ്യാമോഹം അങ്ങ്‌ മച്ചേല്‍ എടുത്ത്‌ വെച്ചേക്ക്‌.

1 comment:

  1. 'കാത്തിരിക്കൂ. നിങ്ങളോടൊപ്പം ഞങ്ങളും കാത്തിരിക്കുന്നവരാണ്'....

    ReplyDelete