Monday, October 18, 2010

ജമാഅത്ത്‌ ഭീകരസംഘടന തന്നെ!


ഈയിടെ വളരെക്കൂടുതല്‍ ഉന്നയിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യമാണ്‌ ജമാഅത്തെ ഇസ്‌ലാമി ഒരു ഭീകര സംഘടനയാണ്‌ എന്നത്‌. 1940 കളില്‍ ഉണ്ടായ ആ സംഘടനയ്ക്കു ഇപ്പോഴും അംഗങ്ങള്‍ കുറവാണ്‌. സംഘബലമോ സാമ്പത്തികശേഷിയോ കാര്യമായിട്ടൊന്നും ഇല്ലെന്നു തന്നെയാണ്‌ ഞാന്‍ മനസ്സിലാക്കുന്നത്‌. വലിയ പുകിലിനൊന്നും നില്‍ക്കാത്ത കുറേ നിര്‍ഗുണ സാത്വികന്‍മാര്‍ . ബഹുഭൂരിപക്ഷവും വായില്‍ വിരലിട്ടാല്‍ പോലും കടിക്കാത്തവര്‍ ! 

എണ്‍പതുകളുടെ തുടക്കത്തിലാണു ഞാന്‍ ജമാഅത്തുകാരെ കാണുന്നത്‌. അന്നു നാലോ അഞ്ചോ പേരുണ്ട്‌ എന്റെ നാട്ടില്‍ ജമാഅത്തുകാരായിട്ട്‌. പത്തു മുപ്പതു വര്‍ഷമായിട്ടും അവര്‍ക്ക്‌ ജനസംഖ്യാനുപാതികമായ വര്‍ദ്ധനവ്‌ ഉണ്ടായിട്ടില്ലെന്നാണു തോന്നുന്നത്‌, ചുരുങ്ങിയത്‌ സംഘടനയുടെ അംഗസംഖ്യയില്‍ എങ്കിലും. ഇതൊക്കെ തന്നെയാണ്‌ കേരളത്തില്‍ എവിടെ എടുത്താലുമുള്ള അവസ്ഥ. എവിടെയെങ്കിലും വല്ല അപവാദവും ഉണ്ടായെങ്കിലായി, അത്രമാത്രം. എന്നാല്‍ ഇന്ന്‌ ചര്‍ച്ചയായ ചര്‍ച്ചയൊക്കെ ജമാഅത്തെ ഇസ്‌ലാമിയെയും അതിന്റെ നയങ്ങളെയും കേന്ദ്രീകരിച്ചാണ്‌, വിശേഷിച്ചും ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ . ജമാഅത്തിന്റെ പ്രത്യക്ഷ രാഷ്ട്രീയ പ്രവേശനമാണു ഈ കോലാഹലങ്ങള്‍ക്കു പിന്നിലെന്നു ആര്‍ക്കുമറിയാം. പരഃശ്ശതം പാര്‍ട്ടികള്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ , നേരിട്ടു രംഗത്തിറങ്ങാറില്ലെങ്കിലും ജമാഅത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ എന്നും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്‌; അടിയന്തരാവസ്ഥയ്ക്കു ശേഷം പ്രത്യേകിച്ചും. മതതീവ്രവാദ സംഘടന, മത-രാഷ്ട്രീയ സംഘടന എന്നൊക്കെ സ്ഥിരം പറഞ്ഞു കേള്‍ക്കാറുണ്ടായിരുന്നെങ്കിലും, അതൊരു ഭീകര സംഘടനയാണെന്ന പ്രചാരണം പ്രചണ്ഡമായി കൊണ്ടാടപ്പെടുന്നത്‌ ഈയിടെയാണ്‌ - നേരത്തെ പറഞ്ഞ പ്രത്യക്ഷ രാഷ്ട്രീയ ഇടപെടലുകള്‍ ആരംഭിച്ചതിനു ശേഷം. 

ഇതൊക്കെ കാണുമ്പോള്‍ , ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഒരു ഭീകരസംഘടന തന്നെയാണു എന്നാണു എന്റെയും തോന്നല്‍ ‍. എല്ലാ പത്രങ്ങളും - മാധ്യമം ഒഴികെ - ജമാഅത്തുകാര്‍ ഭീകരന്‍മാരാണെന്നു സ്ഥാപിക്കാന്‍ തങ്ങളുടെ വിലപ്പെട്ട താളുകള്‍ നിര്‍ലോഭം നീക്കി വയ്ക്കുന്നു. സമൂഹത്തില്‍ ഏതെങ്കിലും തരത്തില്‍ നാലാള്‍ അറിയുന്ന ഏതൊരുത്തനെക്കൊണ്ടും ആയത്‌ സമര്‍ഥിക്കാന്‍ അവസരത്തിലും അനവസരത്തിലും മിനക്കെട്ട്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നു. മാതൃഭൂമിയോ ജന്‍മഭൂമിയോ മാത്രമല്ല, നിഷ്പക്ഷര്‍ എന്നു തോന്നിക്കുന്ന മനോരമയും, സാമുദായിക പത്രങ്ങള്‍ ഒന്നടങ്കവും, ദേശാഭിമാനിയുമൊക്കെ പൊതുശത്രുവായി ഇപ്പോള്‍ അവതരിപ്പിക്കുന്നത്‌ ജമാഅത്തിനെയാണ്‌. ചാനലുകളുടെ കാര്യം പറയുകയേ വേണ്ട!  അവരുടെ മനസ്സിലിരിപ്പ്‌ എന്താണെന്നു നമുക്കറിയില്ല, പക്ഷേ പ്രത്യക്ഷത്തില്‍ സകലരുടെയും പടപ്പുറപ്പാട്‌ ജമാഅത്തിന്റെ രംഗപ്രവേശനത്തിനെതിരെയാണ്‌. അപ്പോള്‍ പിന്നെ ഞാനും വിശ്വസിച്ചു പോവുകയാണ്‌ - ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഭീകര സംഘടന തന്നെ എന്ന്‌. 

ജമാഅത്തിന്റെ സമീപ പരസരങ്ങളിലൊന്നും ഇല്ലാത്തതു കൊണ്ടാകാം എനിക്കു പക്ഷേ അവരെ പേടിയില്ല. ഭീകരം എന്നാല്‍ ഭീതിയുണ്ടാക്കുന്നത്‌ എന്നാണല്ലോ. ഞാന്‍ ഒരു സാധാരണ പൌരനായതു കൊണ്ട്‌, സാധാരണ പൌരന്റെ താല്‍പര്യങ്ങള്‍ക്ക്‌ ജമാഅത്ത്‌ ഒരു ഭീഷണിയും സൃഷ്ടിക്കാത്തതു കൊണ്ട്‌ ഞാന്‍ അവരെ ഭയപ്പെടുകയോ അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ആശങ്കപ്പെടുകയോ ചെയ്യുന്നില്ല. എന്നാല്‍ പറയാതെ വയ്യാ, ജമാഅത്തിനെ ചിലര്‍ തീര്‍ച്ചയായും ഭയപ്പെടുന്നുണ്ട്‌. ജമാഅത്ത്‌ ചിലരെ നന്നായി ഭയപ്പെടുത്തുന്നുമുണ്ട്‌. 

സത്യമാണ്, സാമുദായിക പാര്‍ട്ടികളെ തീര്‍ച്ചയായും ജമാഅത്ത്‌ ഭയപ്പെടുത്തുന്നുണ്ട്‌. സവര്‍ണ-വര്‍ഗീയ പാര്‍ട്ടികളെയും, അരാജകത്വവാദികളേയും അതു അലോസരപ്പെടുത്തുന്നുണ്ട്‌. ഈ കോലാഹലങ്ങളൊക്കെയും അതു തന്നെയല്ലേ നിസ്തര്‍ക്കമാം വിധം തെളിയിച്ചു കൊണ്ടിരിക്കുന്നത് ? 

അതെ, എനിക്കു സംശയമില്ല. ജമാഅത്തെ ഇസ്‌ലാമി ഒരു ഭയപ്പെടുത്തുന്ന സംഘടന തന്നെയാണ്‌. പക്ഷേ, എന്നെയല്ല, ഞാന്‍ ഒരു സാധാരണ പൌരന്‍ മാത്രം - കക്ഷിരാഷ്ട്രീയത്തിന്റെയും സങ്കുചിത മത-വിഭാഗീയ ചിന്തകളുടെയും  വേലിക്കെട്ടുകളില്‍ അരക്ഷിതത്വത്തിന്റെയും വിലക്കയറ്റത്തിന്റെയും  ഭാണ്ഡം പേറി നിവര്‍ന്നു നിന്നൊന്നു ശ്വാസം വിടാന്‍ പോലും കഴിയാത്ത പാവം സാധാരണക്കാരില്‍ ഒരാള്‍ . നമ്മളെന്തിനു ജമാഅത്തിനെ പേടിക്കണം?

4 comments:

  1. സാരിം അല്‍ബത്താര്‍,

    ദുബൈയില്‍ ഓഫീസിലിരിക്കെ എന്റെ സുഹൃത്ത് തിരിച്ചു തരണമെന്ന ഉറപ്പിന്‍മേല്‍ നെറ്റില്‍നിന്ന് പ്രിന്റെടുത്ത ഒരു കെട്ട് ലേഖനങ്ങള്‍ കൊണ്ട് വന്നുതന്നു. വായിച്ച് തീര്‍ന്നപോഴേക്ക് തിരിച്ചുകൊണ്ടുപോയി അതിനടിയില്‍ ഈ നാമമുണ്ടായിരുന്നു. സാരിം അല്‍ബത്താര്‍. ഈ അവതരണം എനികിഷ്ടമായി. കാഴ്ചക്കാരിവിടെ കുറെയുണ്ട് കളിക്കാനാണ് ആളുകുറവ്.

    ReplyDelete
  2. ​‍@ CKLatheef,

    ഇവിടെ വന്നതിനും രണ്ടു വാക്ക്‌ മിണ്ടിയതിനും നന്ദി :)

    ഇറങ്ങിക്കളിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, എന്റെ ജഴ്സിയിട്ട കളിക്കാർ കുറവാണ്‌. ഒരു ടീം ഉണ്ടാക്കാനൊന്നും തികയില്ല. പറയത്തക്ക ഗ്രാഹ്യമൊന്നും ഈ കളിയിൽ എനിക്കില്ല. അതും പോരാഞ്ഞ്‌ സമയനിഷ്ഠ പാലിക്കാൻ അതിലേറെ പ്രയാസവും.

    അതുകൊണ്ട്‌ വല്ലപ്പോഴുമൊക്കെ വരാം. :)
    സാരിമിന്റെ വിക്രിയകൾ ഇപ്പോഴും ഓർക്കുന്നു എന്നതിൽ സന്തോഷം :)

    കൂട്ടുകാരോട്‌ പറയൂ, ഒരാളിവിടെ ചുമ്മാ ഇരിക്കുന്നുണ്ടെന്ന്!

    സാരിം

    ReplyDelete
  3. എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  4. Ithu eyuthiyavanu onnum manasilakilla. Kurachokke vayikukayum padikukayum venam, ennale enthenkilum manassilakukayullu. Nee paranjaploe nee verum pavam.....

    ReplyDelete