Sunday, October 24, 2010

ഇത്ര ഭീരുക്കളോ രാഷ്ട്രീയപ്പരിഷകള്‍ ?

അസഹിഷ്ണുതയുടെയും കുടിലതയുടെയും വിളനിലങ്ങളാണ്‌ കക്ഷി രാഷ്ട്രീയത്തിന്റെ  കാളകൂടം വമിക്കുന്ന സങ്കുചിത മനസ്സുകള്‍ എന്നു ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്‌ ഇന്നലെ പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത. കായംകുളം നഗരസഭയിലെ നാല്‍പതാം വാര്‍ഡിലെ ജനകീയ മുന്നണി സ്ഥാനാര്‍ഥിനി സബീനയേയും കൂടെയുണ്ടായിരുന്ന ഭര്‍ത്താവ്‌ നൌഷാദിനെയും ദേശീയപാതയില്‍ വെച്ച്‌ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ഒരു സംഘം തെമ്മാടികള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരിക്കുന്നു. ഇരുവരെയും സാരമായ പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. 

ജനകീയ മുന്നണികള്‍ വ്യവസ്ഥാപിത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്‌ കടുത്ത അലോസരം സൃഷ്ടിക്കുമെന്ന നിരീക്ഷണം ശരിയാണെന്നു തെളിയിക്കുന്നതാണ്‌ ഈ കുടിലസംഭവം. എങ്കിലും, ഇത്ര പെട്ടെന്നു, കേവലം ഒരു പ്രാദേശിക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ , പ്രകോപിതരാവാന്‍ മാത്രം ദുര്‍ബലരാണൊ കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ? ഇവരാണോ സമൂഹത്തിന്റെ രക്ഷകരും സേവകരുമായി ഇത്രയും നാള്‍ നെഞ്ചു വിരിച്ചും മസിലു പെരുപ്പിച്ചും നടന്നത്‌? ലജ്ജാവഹം, ഈ അധമത്വം! 

എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ജനകീയമുന്നണികള്‍ ആളില്ലാകൂട്ടങ്ങളും ഇന്നലെ മുളച്ച തകരകളുമാണെന്നും മറ്റും പറഞ്ഞ്‌ നിസ്സാരവല്‍ക്കരിച്ചിരുന്നു. പക്ഷേ, അവരുടെ ഉള്ളില്‍ ഭീതിയാണ്‌.. ഒന്നും കാണാന്‍ കഴിയാത്തവിധം ആ ഭീതി അവരുടെ വകതിരിവിനുമേല്‍ കരിമ്പടമായി ചുറ്റപ്പെട്ടിരിക്കുന്നു. സാധാരണക്കാര്‍ തങ്ങളുടെ സമ്മോഹനവാഗ്ദാനങ്ങളുടെ മായക്കാഴ്ചകളില്‍ താല്‍പര്യം വെടിഞ്ഞത്‌ അവരില്‍ ജാള്യത വളര്‍ത്തിയിരിക്കുന്നു. ഈ ആന്ധ്യത്തിലും ജാള്യതയ്ക്കിടയിലും, പക്ഷേ ഒരു കാര്യം അവര്‍ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്‌. പതിറ്റാണ്ടുകളോളം തങ്ങളുടെ കാല്‍ക്കീഴില്‍ ഉറച്ചു നിന്ന മണ്ണ്‍ ഇതാ ഒലിച്ചു പോകുന്നു എന്ന യാഥാര്‍ഥ്യം. 

അതെ, അസഹിഷ്ണുതയുടെ കാളകൂടം വമിപ്പിച്ചുകൊണ്ട്‌ സര്‍പ്പക്കുഞ്ഞുങ്ങള്‍ മാളങ്ങളില്‍ നിന്നു പുറത്തു കടന്നിരിക്കുന്നു. ജനകീയ മുന്നണിക്കാര്‍ ജാഗ്രത പാലിക്കുക. അമാന്തിച്ചു നില്‍ക്കാതെ ആയുധമെടുക്കുക, ഈ കരാള സര്‍പ്പങ്ങളുടെ തലതല്ലിച്ചതയ്ക്കാന്‍ ! 

ആയുധമെടുക്കുക, സഹജീവികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിനു മുന്നില്‍ തടസ്സമായി നിന്നു കാവടിയാടുന്ന കാകോളങ്ങള്‍ക്കെതിരെ..
കുറുവടിയും കത്തിയുമല്ല, വാളും തോക്കും ബോംബുമല്ല; ക്ഷമയുടെ, സഹനത്തിന്റെ, പരിചയെടുത്തണിയുക.. 
സ്നേഹത്തിന്റെ, സഹതാപത്തിന്റെ, മാനവികതയുടെ കരവാളങ്ങള്‍ കയ്യിലെടുക്കുക... 

ദുര്‍ബലരുടെ, അവശരുടെ, ആലംബഹീനരുടെ, അവകാശങ്ങള്‍ ഹനിക്കപ്പെട്ടവരുടെ, ചതിക്കപ്പെട്ടരുടെ നൊമ്പരങ്ങള്‍ നിങ്ങള്‍ക്കു കരുത്താവട്ടെ.. അവരുടെ പ്രാര്‍ത്ഥനകള്‍  നിങ്ങള്‍ക്കു മൃതസഞ്ജീവനിയാകട്ടെ.. 

പ്രിയപ്പെട്ട സഹോദരീ, ഇത്‌ നിങ്ങള്‍ക്ക്‌ ആത്മധൈര്യം പകരുന്നതാവട്ടെ. ജനകീയ മുന്നണിയുടെ കൊച്ചു സുമയ്യ എന്നു ഞാന്‍ നിങ്ങളെ വിളിച്ചു കൊള്ളട്ടെ? 

പ്രിയപ്പെട്ട ജനകീയ വികസന മുന്നണി പ്രവര്‍ത്തകരോട്, 
ഓര്‍ക്കുക, കാടും പടലും തെളിച്ച്‌ മുന്നോട്ടുള്ള പ്രയാണത്തില്‍ പുല്ലാനി മൂര്‍ഖന്‍മാരാഞ്ഞടുക്കും; ചലിക്കുന്ന ഓരോ പുല്‍ക്കൊടിയിലും അവ ആഞ്ഞുകൊത്തും. അവരുടെ വിളയാട്ടു വേദികളാണല്ലോ നിങ്ങള്‍ വെട്ടി വെളുപ്പിക്കുന്നത്‌. പക്ഷേ ഇത്രയേ ഉള്ളൂ എന്നു കരുതാതെ, കരുതലോടെ മുന്നോട്ടു പോവുക.. അഴിമതിയുടെ, സ്വജനപക്ഷപാതത്തിന്റെ, വര്‍ഗീയരാഷ്ട്രീയത്തിന്റെ ചിതല്‍പുറ്റുകള്‍ക്കുള്ളില്‍ കരിനാഗങ്ങള്‍ പതിയിരിപ്പുണ്ടാവും.. നുരയുന്ന വിഷത്തോടെ, പതയുന്ന അമര്‍ഷത്തോടെ. 


5 comments:

  1. താങ്കളുടെ ധാര്‍മ്മികരോഷത്തില്‍ പങ്ക് ചേരുന്നു. ഇതിനപ്പുറം എന്ത് പറയാനാണ്. ജനകീയമുന്നണി പ്രവര്‍ത്തകര്‍ കറ പുരളാത്ത മനുഷ്യസേവനത്തിന്റെ ആയുധമണിയട്ടെ. നിങ്ങളുടെ പിന്നില്‍ കേരളം അണിനിരക്കുക തന്നെ ചെയ്യും.

    ReplyDelete
  2. കെ.പി.സുകുമാരന്‍ മാഷെപ്പോലെയുള്ളവര്‍ ഈ കൂട്ടായ്മയെ അറിയാന്‍ ശ്രമിക്കുന്നു .... അതിന്നു പിന്തുണ കൊടുക്കുന്നു എന്നത് തന്നെയാണ് തീര്‍ച്ചയായും ഈ മുന്നണിയുടെ വിജയം.... തുടര്‍ന്നും വികസന മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ നീരീക്ഷിക്കുക ..... നല്ല ഉപദേശങ്ങള്‍ കൊടുക്കുക ..... വിമര്‍ശിക്കേണ്ട അവസരങ്ങളില്‍ ശക്തായി വിമര്‍ശിക്കുകയും ചെയ്യുക ....

    ReplyDelete
  3. മനസ്സിലെ നന്മ വറ്റിപ്പോയവർ ഇതും ഇതിലപ്പുറവും ചെയ്യും, മനുഷ്യന്റെ മഹത്വമറിയുന്നവർക്കല്ലേ പെണ്ണിന്റെ മഹത്വമറിയൂ. അവർക്ക്‌ ലക്ഷ്യം മാത്രമേയുള്ളൂ, എതു വഴിയേയും സഞ്ചരിക്കാം. നിർഭാഗ്യ വശാൽ ഈ കാട്ടാള കൂട്ടത്തിന്‌ ചൂട്ട്‌ പിടിക്കാൻ സങ്കുചിത ചിന്താഗതിക്കരായ മത വിശ്വാസികളും സജീവമാണ്‌!

    ReplyDelete
  4. ആര്‍ക്കെതിരെയാണ് രോഷം? എന്ത് ധാര്‍മികതയുടെ പേരിലാണ് നിങ്ങള്‍ കളി തുള്ളുന്നത്?
    കേരള രാഷ്ട്രീയത്തില്‍ ഇത് പുതിയ സംഭ്വമോന്നുമാല്ലല്ലോ? ഓരോ തിരഞ്ഞെടുപ്പിലും നടക്കുന്നതാനല്ലോ
    തെറ്റിനെ വെള്ളപൂശുകയല്ല ഇതെല്ലാം ജനകീയ മുന്നണി വരുന്നത് കൊണ്ടുള്ള അങ്കലാപ് ആണെന്നുള്ളതിന്‌ ഒരു തിരുത്ത്‌ അത്രമാത്രം.
    നിങ്ങള്‍ കൊച്ചിയിലെ മദീന പള്ളിക്കകത്ത് സത്താര്‍ ഹാജിയെ മൃഗീയമായി തല്ലിയപ്പോള്‍ ഈ ധാര്‍മികരോഷമോന്നും കണ്ടില്ലയിരുന്നല്ലോ
    ഇത് രണ്ടും ക്രൂരതയല്ലേ

    ReplyDelete
  5. @ ashrafali
    ആര്‍ക്കെതിരെയാണ് എന്റെ ധാര്‍മികരോഷം എന്നറിയാന്‍ തലക്കെട്ട്‌ എങ്കിലും ഒന്ന് കൂടി നോക്കുക. പിന്നെ, ജമാഅത്തുകാരുടെ മൃഗീയതയെക്കുറിച്ച് ഞാന്‍ എന്ത് പറയാന്‍ ? സമാന ചര്‍ച്ചകള്‍ ദാ ഇവിടെ നടക്കുന്നു. http://jamaatheislami.blogspot.com
    പോയി നോക്കൂ.

    ReplyDelete