Sunday, October 24, 2010

റിയാന തട്ടം ഇടേണ്ടതില്ല!

കാസര്‍ക്കോട്ടെ മുസ്‌ലിം കുടുംബത്തില്‍ പിറന്ന ഒരു പെണ്‍കുട്ടി തലയില്‍ തട്ടം ധരിക്കില്ലെന്നു ശാഠ്യം പിടിക്കുന്നു. റിയാന തല മറച്ചേ പറ്റൂ എന്നു ബന്ധുമിത്രാദികളില്‍ ചിലര്‍ക്കും ഏതാനും സമുദായാംഗങ്ങള്‍ക്കും ശാഠ്യം! റിയാന എന്നല്ല, ഈ ദുനിയാവില്‍ പെണ്ണായിപ്പിറന്നവരാരും തല മറക്കരുതെന്നു മറ്റു ചിലര്‍ക്ക്‌ അതിലേറെ ശാഠ്യം! 

വിവാദമാണല്ലോ ലക്ഷ്യം, വിശേഷിച്ചും ഇസ്‌ലാമികസംസ്കാരത്തെ സ്പര്‍ശിക്കുന്ന വല്ലതുമാണെങ്കില്‍ മാധ്യമപ്പട തന്നെയിളകും, കര്‍ത്തവ്യബോധം സടകുടഞ്ഞെണീക്കും, കര്‍മധീരരായി രംഗത്തിറങ്ങും. രംഗം കൊഴുപ്പിക്കാന്‍ സെക്യുലറിസത്തിന്റെ മേളക്കാരും വ്യക്തിസ്വാതന്ത്ര്യത്തിന്റെ കുഴലൂത്തുകാരും സ്ത്രീവിമോചന നാട്യക്കാരും... വ്യത്യസ്ഥ അരങ്ങുകളില്‍ കത്തിവേഷങ്ങളും താടിവേഷങ്ങളും, കൊട്ടും പാട്ടും തകിലും തമ്പേറും... പോരേ പൂരം? 

തലയില്‍ തട്ടമിടാതെ എത്രയോ പേര്‍ നടക്കുന്നുണ്ട്‌ മുസ്‌ലിം സമുദായത്തിലും പുറത്തും. അത്‌ ഒരു പുതിയ സംഭവമേ അല്ല. കാരണം, സ്ത്രീകള്‍ തല മറക്കണമെന്നു ഇസ്‌ലാം നിഷ്കര്‍ഷിക്കുന്നില്ല. എന്നിട്ടും ഇതു സംഭവമായി, വിവാദമായി. കാണികള്‍ കുറഞ്ഞതു കൊണ്ടാവാം പക്കമേളങ്ങള്‍ പതിയെ നിലച്ചു, ഗജകേസരികളുടെ എഴുന്നള്ളത്തുണ്ടായില്ല. പതിവു തെറ്റിക്കാതെ തിടമ്പേറ്റാന്‍ സ്ഥിരം ഹമീദ്‌-മൊയ്തീന്‍ കുഴിയാനകള്‍ ഒരുങ്ങി നിന്നു, അത്രമാത്രം. 

ഈ പ്രശ്നത്തില്‍ ഒച്ചപ്പാടുണ്ടാക്കിയത്‌ ആ കുട്ടി തല മറക്കണം എന്നു ശാഠ്യം പിടിച്ചവരാണ്‌. ബന്ധുക്കളും മിത്രങ്ങളും സുഹൃത്തുക്കളും ഗുണകാംക്ഷികളും അടങ്ങുന്ന ആ സംഘം പിന്നപ്പിന്നെ കാണാമറയത്തിരുന്ന് ഭീഷണിക്കത്ത്‌ അയക്കുന്ന ന്യൂനപക്ഷമായി ചുരുങ്ങി. എല്ലാവരും അവരവരുടെ മാനം കാക്കാന്‍ പുരയ്ക്കകത്തേക്കോടി. തലയ്ക്കല്‍പം കാറ്റു കൊള്ളുന്നത്‌ നല്ലതാണെന്നേ ആ കുട്ടിക്കു തോന്നിയിട്ടുണ്ടാകൂ.. അതിനു ചിലപ്പോള്‍ കാരണങ്ങളും ഉണ്ടാകാം.. ഉദാഹരണത്തിന്‌ പേന്‍ പുഴുക്കുന്ന ചില തലകളില്‍ ഈര്‍പ്പം നിന്നുകൂടാ, സ്ഥിതി വഷളാവും. ചിലര്‍ക്ക്‌ തലയ്ക്ക്‌ ചൂടു തീരെ പറ്റില്ല, കാറ്റും വെളിച്ചവും ഇല്ലെങ്കില്‍ അതിന്റെ നില തെറ്റും! എന്താണു കാര്യമെന്ന് ആരെങ്കിലും അന്വേഷിച്ചോ? ഇനി വെറുതെ ആണെങ്കിലും അവള്‍ തല തുറന്നിട്ടു നടന്നോട്ടെ എന്നു തന്നെയാണ്‌ എന്റെ പക്ഷം. 

ഞാന്‍ പറഞ്ഞില്ലേ, സ്ത്രീകള്‍ തല മറക്കണമെന്ന്‌ ഇസ്‌ലാം ആവശ്യപ്പെട്ടതായി എനിക്കറിവില്ല. വിശുദ്ധ ഖുര്‍ആന്‍ അങ്ങനെ പറഞ്ഞിട്ടില്ല. പിന്നെ എന്തിനു ബഹളം? 

സൂറത്തുന്നൂറിലെ മുപ്പത്തൊന്നാം സൂക്തം (ഭാഗികം) ഇങ്ങനെ ഭാഷപ്പെടുത്താം: "തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തട്ടെയെന്നും, ചാരിത്ര്യം സൂക്ഷിക്കട്ടെയെന്നും, പുറമേ കാണുന്നതല്ലാത്ത സൌന്ദര്യം വെളിപ്പെടുത്താതിരിക്കട്ടെയെന്നും, ശിരോവസ്ത്രങ്ങള്‍ കൊണ്ട്‌ മാറു മറയ്ക്കട്ടെയെന്നും.... താങ്കള്‍ വിശ്വാസിനികളോടു നിര്‍ദ്ദേശിക്കുക." 

ഇനി പറയൂ, ഖുര്‍ആന്‍ സ്ത്രീകളോട്‌ തല മറക്കാന്‍ പറയുന്നുണ്ടോ? ഇല്ല. 
റിയാനമാര്‍ തലയില്‍ തട്ടം ഇടേണ്ടതുണ്ടോ? ഇല്ല എന്നു തന്നെയാണ്‌ എന്റെ ഉത്തരം. മേല്‍ ഉദ്ധരിച്ച സൂക്തമല്ലാതെ ഇവ്വിഷയകമായി ഖുര്‍ആനിലെ മറ്റൊരു വചനവും ആരും ഉദ്ധരിച്ചു കണ്ടിട്ടില്ല. ഈ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് ശിരോവസ്ത്രം  നിര്‍ബന്ധം ആകുന്നുമില്ല. 

എന്നാല്‍ പക്ഷേ, ചിലര്‍ ഈ വാക്യപ്രകാരം തലയും മാറും മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചേ മതിയാവൂ. കാരണം അവര്‍ അല്ലാഹുവും അവന്റെ ദൂതനും നിര്‍ദ്ദേശിക്കുന്നത്‌ അക്ഷരം പ്രതി പാലിക്കാം എന്നു വാക്കു കൊടുത്തവരാണ്‌. തന്റെ ജീവിതവും മരണവും ദൈവത്തിനു സമര്‍പ്പിച്ചവരാണ്‌. അങ്ങനെയുള്ളവര്‍ക്ക്‌ ഈ നിര്‍ദ്ദേശം അവഗണിക്കാന്‍ ആവില്ല. അങ്ങനെയുള്ളവര്‍ക്കു മാത്രമേ ഈ നിര്‍ദ്ദേശം ബാധകമാകൂ.
 
അതുകൊണ്ട്‌, ദയവായി റിയാനമാരുടെ തല മറയ്ക്കാന്‍ ആയത്തുമായി പിറകേ നടക്കാതിരിക്കുക, അതിനു ബാധ്യസ്ഥരാണെന്നു അവര്‍ക്ക് സ്വയം ബോധ്യം വരാത്തിടത്തോളം.. 


 

No comments:

Post a Comment